2015, ജൂലൈ 27, തിങ്കളാഴ്‌ച

അയാളും ഞാനും തമ്മിൽ


അന്ന് ഏഴു വയസ്സുള്ള കുട്ടിയാണ് ഫഹദ് മോൻ.  ഒരു ദിവസം അവന്റെ ഉമ്മ രാത്രി 12 മണിക്ക് അവനെ വിളിച്ചു എഴുനേല്പ്പിച്ചു. ഉമ്മ ഇത്ര പെട്ടെന്ന് രാവിലെ ആയോ അവൻ വിഷമത്തോടെ ചോദിച്ചു. ഇല്ല മോനെ നീ പൊഴി ഫ്രഷ്‌ ആയിട്ട് വാ ഉമ്മ ചായ തരാം. അവൻ ചായ കുടിച്ചു കഴിഞ്ഞപ്പോൾ ഓരോരോത്താരായി വീട്ടിലേക്ക് വരുന്നത് കണ്ടു.കുറെ ആള്ക്കാരെ കണ്ടപ്പോൾ അവനിക്ക് ഭയങ്കര സന്തോഷമായി. അവൻ ചുവന്ന കാറും കയ്യിലെടുത് ശബ്ദമുണ്ടാക്കി വീടിനു ചുറ്റും ഓടി കളിച്ചു.പെട്ടെന്നാണ് വീടിനു മുന്പിൽ ഒരു വെള്ള വാൻ വന്നു നിർത്തിയത്. ആ വാനിൽ നിന്നും ഉപ്പ ഇറങ്ങുന്നത് കണ്ടപ്പോൾ അവൻ തുള്ളി ചാടി.

വാനിന്റെ അടുത്തേക് കുറെ ആൾക്കാർ പോയി ആരെയോ വീടിനകത്തു വെച്ച ബെഞ്ചിൽ കൊണ്ട് പോയി കിടത്തി.അവൻ ഉമ്മയുടെ അടുത്തേക്ക് ഓടി കെട്ടി പിടിച്ചുകൊണ്ട് ചോദിച്ചു ആരാ ഉമ്മ ആ വെള്ള തുണികെട്ടിനുള്ളിൽ.മോനെ ഫഹദെ അത് മോന്റെ ഉപ്പാപ്പയ ഇനി മോന്റെ കൂടെ കളിക്കാൻ ഉപ്പാപ്പ ഉണ്ടാവില്ല എന്ന് ഉമ്മ പറഞ്ഞ ഉടനെ അവൻ ആ ബെഞ്ചിനടുത്തെക്ക് ഓടി.ഉപ്പാപ്പാ ഫഹദ് മോനാ വിളിക്കുന്നെ കണ്ണ് തുറക്ക് പ്ലീസ്‌ ഉപ്പാപ്പാ പ്ലീസ്‌ കണ്ണ് തുറക്ക്. അത് കേട്ടപ്പോൾ അവിടെ കൂടിയുന്നവരുടെ കണ്ണുകൾ നിറഞ്ഞു.അവന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു, സങ്കടത്തോടെ ഒരു റൂമിന്റെ മൂയലിൽ ഇരുന്നു വിതുമ്പി.ജോലിക്കാരായ ഉമ്മയെക്കാളും ഉപ്പയെക്കാളും അവനിക്ക് കൂടുതൽ അടുപ്പം ഉപ്പാപ്പയോട് ആയിരുന്നു.സ്കൂൾ വിട്ടു വരുമ്പോൾ ഉച്ച്ചയൂണ്‍ കഴിക്കാതെ ഉപ്പാപ്പ അവനെയും കാത്തു അവിടെ നിൽപുണ്ടാവും.തമിഴത്തിയായ ഒരു വീട്ടു വേലക്കാരി അവർക്ക് രണ്ടു പേർക്കും ഭക്ഷണം കൊടുക്കും.

അവൻ ഉച്ചയ്ക്കും രാത്രിയും ഉപ്പപ്പയോടൊപ്പമാണ് ഉറക്കം.ഉപ്പാപ്പ സ്വന്തം അനുഭവങ്ങൾ കഥകളാക്കി കൊച്ചു മകൻ പറഞ്ഞു കൊടുക്കും കൂടെ കൂടെ അവൻ കുറെ സംശയങ്ങ ചോദിക്കു.മീൻ വില്പ്പനക്കാരനായിരുന്നു ഉപ്പാപ്പ.ഒരേ ഒരു മകളെ കഷ്ട്ടപെട്ട് പഠിപ്പിച്ചു.മകളുടെ ഉന്നത വിദ്യാഭ്യാസത്തിനും വിവാഹത്തിനും വേണ്ടി ഉപ്പാപ്പ ഒമാനിലുള്ള മീൻ മാർകെറ്റിൽ ജോലിക്ക് പോയി.മകൾ പഠിച്ചു ഗവർമെന്റ് സ്കൂളിൽ ടീച്ചർ ആയപ്പോൾ പുതിയാപ്പിളയായി പഠിച്ച ആളെ തന്നെ വേണമെന്നു വാശി പിടിച്ചു.നല്ലൊരു തുക സ്ത്രീധനം കൊടുത്ത് കണ്ണൂർ ജില്ലയിൽ നിന്ന് തന്നെ ഒരു ഹോമിയോ ഡോക്ട്ടറെ കണ്ടു പിടിച്ചു വിവാഹം നടത്തി.ഭാര്യയുടെ കൂടെ ബാക്കികാലം ജീവിക്കാൻ ഒമാനോട് യാത്ര പറഞ്ഞു ഉപ്പാപ്പ.പക്ഷെ മകൾക്ക് ഉപ്പ ഒമാനിലെ ജോലി വിട്ടത് ഇഷ്ട്ടമായില്ല.കറവയുള്ള പശുവിനെ വില്കുന്നത് ഇഷ്ട്ടമാവിലല്ലൊ!!!

പ്രവാസത്തിനു ശേഷം ഉപ്പാപ്പയ്ക്ക് അതികകാലം ഉമ്മാമ്മയോടൊപ്പം ജീവിക്കാൻ പറ്റിയില്ല.കരളിലെ കാൻസർ ഉമ്മമയെ ഈ ലോകത്ത് നിന്ന് യാത്ര അയച്ചു. ഉപ്പാപ്പ കരുതിവെച്ച തുകയിൽ നല്ലൊരു ഭാഗം ഉമ്മാമയുടെ ചികിത്സക്കായി ചിലവയിച്ചു പക്ഷെ ദൈവ വിധിയെ മറികടക്കാൻ ഡോക്ടറെ കൊണ്ട് ആവില്ലല്ലോ.അവസാനം ആ ദുഖം മറക്കാനും മറ്റാരുടെ മുന്പിലും കൈ നീട്ടാതെ ജീവിക്കാൻ വേണ്ടിയും വീണ്ടും മീൻ വിൽക്കാൻ തീരുമാനിച്ചു.പക്ഷെ മകളും ഭർത്താവും അവരുടെ സ്റ്റാറ്റസ് ഓർത്ത് അതിനു സമ്മതിച്ചില്ല.പാവം അങ്ങനെ 53 വയസ്സിൽ വീട്ടിൽ ഒതുങ്ങി കൂടി.പള്ളിയിൽ പോയി പ്രാർത്തിച്ചും ചെടികൾ നട്ടുനനച്ചും വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങികൊടുതും ദിവസം തള്ളി നീക്കി.

കല്യാണം കഴിഞ്ഞു നാലാമത്തെ വർഷം ഫഹദ് ജനിച്ചു.അവന്റെ വരവോടെ ഉപ്പാപ്പ സന്തോഷവാനായി.അവനെ കളിപിച്ചും എടുത്ത് നടന്നും ദിവസങ്ങൾ കഴിഞ്ഞു പോയി. പ്രായം കൂടുന്നത് പോലും പാവം അറിഞ്ഞില്ല.പ്രസവ ശേഷം ഒരു കൊല്ലം ലീവും കഴിഞ്ഞു മകള ജോലിക്ക് പോയി തുടങ്ങിയപ്പോൾ മകനെ നോക്കാനും മറ്റു വീട്ടു പണിക്കും വേണ്ടി ഒരു തമിഴത്തി വന്നു.മിക്ക സമയത്തും ഫഹദ് ഉപ്പാപ്പയോടൊപ്പം ആയിരുന്നു.ഒരു ദിവസം ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഫഹദ് ഒരു കാറിന്റെ പടമുള്ള പെൻസിൽ കൊണ്ട് വന്ന് ഉപ്പാപ്പയ്ക്ക് കാണിച്ചു കൊടുത്തു.ഇതെവിടുന്നാണ് എന്ന് ചോദിച്ചപ്പോൾ കൂട്ടുക്കാരന്റെ ഉപ്പ ഗൾഫിൽ നിന്നും കൊണ്ട് വന്നത പക്ഷെ അവൻ എനിക്ക് തന്നില്ല അത് കൊണ്ട് ഞാൻ അവൻ കാണാതെ എടുത്തു.

അത് കേട്ട ഉപ്പാപ്പ ഫഹദിനു കുറെ പുതിയ പാഠങ്ങൾ പഠിപ്പിച്ചു കൊടുത്തു. അന്യരുടെ മുതൽ അപഹരിക്കരുത് മറ്റുള്ളവർ ചെയ്യുന്നത് കണ്ട് നമുക്ക് സാമ്പത്തിക സ്ഥിതി ഇല്ലെങ്ങിൽ അത് അനുകരിക്കരുത് കക്കരുത് കള്ളം പറയരുത്. കൊച്ചു മനസ്സില് ആ ഉപദേശങ്ങൾ ആയത്തിൽ തന്നെ പതിഞ്ഞു. പിറ്റേ ദിവസം തന്നെ ആ പെൻസിൽ കൂട്ടുകാരാൻ കൊണ്ട് കൊടുത്ത് മാപ്പ് ചോദിച്ചു.പഠിക്കാൻ നല്ല മിടുക്കനായിരുന്നു അത് പോലെ നല്ലൊരു സ്വഭാവത്തിന്റെ ഉടമകൂടിയായിമാറി ഫഹദ്.ഡിഗ്രി അവസാന വർഷത്തിലാണ് അവന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ദുരന്തം സംഭവിച്ചത്.ഉമ്മയും ഉപ്പയും ഒരു കാറപകടത്തിൽ മരണപെട്ടു.  

തനിച്ചായി പോയ ഫഹദിനു ഉപ്പാപ്പ പണ്ട് കൊടുത്ത ഉപദേശങ്ങൾ ധൈര്യം നല്കി. പഠിക്കുന്നതോടൊപ്പം പാർട്ട്‌ ടൈം ആയി ജോലിയും ചെയ്ത്  പൂനെയിലെ കോളേജിൽ നിന്നും MBA ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി പാസ്സായി ഇറങ്ങുമ്പോൾ നിരവധി കമ്പനികൾ അവനിക്ക് ജോലി കൊടുക്കാൻ മുന്നോട്ടു വന്നു. പക്ഷെ ലക്ഷങ്ങളുടെ മാസ സാലറിയും സ്റ്റാറ്റസും അവനെ മോഹിപ്പിച്ചില്ല. നേരെ ഉമ്മയും ഉപ്പയും ഉപ്പാപ്പയും ഉമ്മാമയും അന്ത്യവിശ്രമം കൊള്ളുന്ന നാട്ടിലേക് തിരിച്ചു വന്നു. വീട് അനാഥമായി കാട് പിടിച്ചു കിടക്കുന്നു.ജോലിയിൽ നിന്നും മിച്ചം വെച്ച തുകയിൽ നിന്നും വീട് താമസത്തിൻ അനുകൂലമാക്കി.

ടൌണിലെ ഒരു ഹൈപ്പർ മാർകെറ്റിൽ ഫിഷ്‌ സ്റ്റാൾ‌ നടത്തിപ്പിന് എടുത്തു.ഉപ്പാപ്പ പറഞ്ഞു കൊടുത്തത് പോലെ മനസ്സിന് സമാധാനം തരുന്ന ജോലിയാണ് ചെയ്യേണ്ടത്.അതിൽ സത്യസന്ധത കാണിക്കുകയും അർപണ ബോധത്തോടെ പണിയെടുക്കുകയും ചെയ്താൽ ഉന്നതങ്ങളിൽ എത്താം.മീനുകളുടെ ഗുണനിലവാരവും മാന്യമായ വിലയും ആളുകൾക്ക് നന്നായി ബോധിച്ചു.കച്ചവടം ദിനംപ്രതി കൂടി വന്നു.അവന്റെ മനസ്സിൽ ഉദിച്ച ഒരു ആശയമായിരുന്നു ഹൈടെക് മീൻ കട.കാലത്തിന്റെ ആവശ്യം അനുസരിച്ച് അവരുടെ അഭിരുചിക്ക് അനുസരിച്ച് ഫഹദ് തന്ത്രങ്ങൾ മെനഞ്ഞു.

ഇന്ന് കേരളത്തിന്റെ മിക്ക ജില്ലകളിലും അവന്റെ ഹൈടെക് മീൻ കട പ്രവർത്തിക്കുന്നു. നിരപധിപേർ അവിടങ്ങളിൽ ജോലിയും ചെയ്യുന്നു.ജീവിതത്തിൽ എല്ലാം നഷ്ട്ടപെട്ടു യെന്ന് കരുതി ഇരിക്കുമ്പോൾ ഉപ്പാപ്പയുടെ ഉപദേശങ്ങൾ കൂട്ടിനുണ്ടായിരുന്നു.ഇമെർജിങ്ങ് ബിസിനസ്‌ മാനുള്ള അവാർഡ്‌ കയ്യിൽ വാങ്ങി അവൻ പൊതു സമുഹത്തോടായി പറഞ്ഞു.അയാളും ഞാനും അതാണ്‌ എന്റെ വിജയം.ഉപ്പാപ്പ പറഞ്ഞു തന്ന അനുഭവങ്ങളും ഉപദേശങ്ങളും എന്റെ ഒരു മടിയും കൂടാതെ എന്ത് പണിയും അന്തസോടെ എടുക്കാനുള്ള മനസ്സും ഇന്ന് എന്നെ നിങ്ങൾക്ക് മുന്പിൽ ഈ സ്റ്റേജിൽ എത്തിച്ചു.

മാലിബ് മാട്ടൂൽ    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ