2015, ജൂലൈ 20, തിങ്കളാഴ്‌ച

ചിറകൊടിഞ്ഞ കിനാവുകൾ

ഇത് സിനിമ നടൻ ശ്രിനിവാസൻ പറഞ്ഞ കഥയല്ല.ജീവിതത്തിൽ പ്രതിക്ഷിക്കാതെ കണ്ടു മുട്ടിയവരുടെ കഥ. ഇന്ന് ഞാനും കൂട്ട്കൊക്കാരനും പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക് പോകാൻ ദുബൈ വിമാനത്താവളത്തിൽ ഇരിക്കുകയായിരുന്നു.സംസാരിച്ചു കൊണ്ടിരിക്കെ ഒരു പരിചയമുള്ള മുഖം അതുവഴി നടന്നു നീങ്ങുന്നത് ശ്രദ്ധയിൽപെട്ടത്. ബഷീറേ അത് നമ്മുടെ കൊണ്ടോട്ടിക്കാരൻ ഹമീദ്ക്കയല്ലേ.അയാളുടെ ഒരു കോലം കണ്ടോ? അയാൾ എത്ര സുന്ദരനായിരുന്നുവെന്ന് അറിയുമോ നിനക്ക്. പണ്ട് ഫാൻസി കടയിൽ ജോലി ചെയ്യുന്ന സമയത്ത് നാട്ടിലെ സുന്ദരികളെല്ലാം ഇയാളെ കാണാനായി പല സാധങ്ങളും ആവശ്യമില്ലാതെ വാങ്ങാൻ വരുമായിരുന്നു.ചെറു പ്രായത്തിലെ കുടുംബത്തിന്റെ ഉത്തരവാദിത്വം അയാളുടെ തലയിൽ ആയതോടെ കുടുംബം പുലർത്താൻ ദുബൈയിലേക്ക് വണ്ടി കയറി.  

വിമാനത്തിൽ നമ്മുടെ രണ്ടു പേരുടെയും നടുവിലെ സീറ്റിലേക്ക് അതാ വരുന്നു ഹമീദ്ക്ക. സലാം ചൊല്ലി അയാളോട് അവർ ചോദിച്ചു ഇക്കയ്ക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ നമ്മൾ അടുത്തടുത്ത് ഇരിക്കട്ടെ. അങ്ങനെ എന്റെ ഒരു സൈഡിൽ ബഷീറും മറ്റേ സൈഡിൽ ഹമീദ്ക്കയും.അങ്ങനെ യാത്ര ആരംഭിച്ചു.ഞാൻ ഹമീദ്ക്കയോട് സംസാരിച്ചു കൊണ്ടിരിക്കെ പൊതുവെ ഉറക്ക പ്രിയനായ ബഷീർ ഉറങ്ങാൻ  തുടങ്ങി.കൂടുതൽ സംസാരിക്കാൻ തുടങ്ങിയപ്പോൾ അയാളുടെ കഥകൾ ഓരോന്നായി പറയാൻ തുടങ്ങി. പെങ്ങമ്മാരെയൊക്കെ കെട്ടിച്ചയച്ചു അവസാനം തറവാട് പൊളിച്ചു ഉമ്മയ്ക്കും ഭാര്യക്കും മൂന്ന് പെണ്ണ് മക്കൾക്കും കൂടി ഇരുനില വീടും പണിതു.ഒരു പുരുഷായുസ്സിന്റെ നല്ലൊരു ഭാഗം മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു.

രണ്ടു പെണ്ണ് മക്കളുടെ കല്യാണം കഴിഞ്ഞിട്ടും അതിൽ പങ്കെടുക്കാനോ സ്വന്തം വീടിനു മുറ്റത്ത് ഒരു  പന്തൽ കെട്ടിക്കാണാനൊ പാവത്തിന്   ഭാഗ്യമുണ്ടായില്ല.തനിക്ക് പഠിക്കാൻ കഴിയാത്തതിന്റെ ദുഖം ഉള്ളിൽ വിഷമം ഉണ്ടാക്കിയത് കൊണ്ട് സ്വന്തം മകൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാൻ അയാൾ ശ്രദ്ദിച്ചു.മൂത്ത മകളെ ബംഗ്ലൂറുള്ള കോളേജിൽ അയച്ചു ഒരു കമ്പ്യുട്ടർ എൻജിനിയർ ആക്കി.നല്ലൊരു പയ്യനെ തേടി പിടിച്ച സമയത്താണ് ആദ്യ ദുരന്തം സംഭവിക്കുന്നത് .മൂത്തമകൾ അവളുടെ കോളേജിൽ അധ്യാപകനായ ഒരു അന്യ മതസ്തനോടൊപ്പം ഒളിച്ചോടി.ആ വാർത്ത അയാളെ ആകെ തളർത്തി.കുത്തുവാക്കുകളും കളിയാക്കലും സ്വന്തം കുടുംബക്കാറിൽ നിന്നും തന്നെ കേൾക്കേണ്ടി വന്നു.

അത്കൊണ്ട് രണ്ടാമത്തെ മകളെ നാട്ടിലെ വനിതാ കോളേജിലാണ് അയച്ചത്. ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുമെന്നല്ലെ ചൊല്ല്.അങ്ങനെ ഡിഗ്രിക്ക് ഫറോക്ക് കോളേജിൽ ചേർത്ത് പഠിപ്പിച്ചു.ഡിഗ്രി മൂന്നാം വര്ഷം എക്സാം കഴിയാറായപ്പോൾ നല്ലൊരു പയ്യനെ കണ്ടു പിടിച്ചു. അവന്റെ ലീവ് നോക്കി കല്യാണം ഫിക്സ് ചെയ്തു.ഈ കല്യാണമെങ്കിലും നാലാളറിഞ്ഞു നടത്തണം.പക്ഷെ വിധിയുടെ വിളയാട്ടം ആരെ കൊണ്ടും തടയാൻ ആവില്ല.ദുബൈ ഫിനാൻഷ്യൽ ക്രൈസിസിന്റെ വക്കിൽ, മിക്ക കമ്പനികളും ആൾക്കാരെ പിരിച്ചു വിട്ടു കൊണ്ടിരിക്കുന്നു. ഈ സമയത്ത് നാട്ടിൽ പോയാൽ മകളുടെ കല്യാണം കൂടാം പക്ഷെ തിരിച്ചു വരുമ്പോൾ ജോലി ഉണ്ടാകുമോ ഒരു ഉറപ്പും ഇല്ല.

കല്യാണത്തിന് ഇനി ഒരുമാസം മാത്രം എന്ത് തീരുമാനമെടുക്കുമെന്ന് ആലോചിച്ചു ഹമീദ്ക്ക ധർമ്മ സങ്കടത്തിലായി. അവസാനം ജോലി പോകാതിരിക്കാൻ മകളുടെ കല്യാണത്തിനു പോകേണ്ട എന്ന് തീരുമാനിച്ചു.ആയിടക്കാണ് ഉമ്മയുടെ അസുഖം കൂടി അഡുമിറ്റ് ചെയ്യുകയും സ്ഥിതി വഷളാകുകയും ചെയ്തു,അറിയിക്കണ്ടവരെയൊക്കെ അറിയിക്കാൻ ഡോക്ട്ടർമാർ പറഞ്ഞതായി ഭാര്യ ഫോണിൽ അറിയിച്ചു. പാമ്പ് കടിച്ചവന്റെ തലയിൽ ഇടി വെട്ടിയ അവസ്ഥ.ജോലിയേക്കാൾ വലുത് പെറ്റ ഉമ്മയാണ് അത് കൊണ്ട് അവസാനമായി ഒന്ന് കാണാൻ നാട്ടിൽ പോകാൻ തീരുമാനിച്ചു.നാട്ടിൽ പോകാൻ ലീവിന് ചോദിച്ചപ്പോൾ പാസ്പോർട്ട് വിസ പുതുക്കാൻ കൊടുതിട്ടാൻ ഉള്ളതെന്നും ഇന്ന് വ്യാഴയ്ച്ച ഓഫീസ് ടൈം കഴിന്നത് കൊണ്ട് ഞായറാഴ്ച ഉച്ചയോടെ മാത്രമേ കിട്ടുകയുള്ളൂ എന്നും ഓഫീസിലിൽ നിന്നും അറിയിച്ചു. കരയാനല്ലാതെ പാവത്തിന് ഒന്നും ചെയ്യാൻ പറ്റുമായിരുനില്ല.

രാത്രി ഉമ്മയുടെ മരണ വാർത്ത അറിഞ്ഞപ്പോൾ ഹൃദയം പൊട്ടി കരഞ്ഞു. അത് പറയുമ്പോൾ അയാളുടെ കണ്ണുകള നനയുന്നത് കണ്ടു.കയറില്ലാതെ കെട്ടിയിടുന്ന ഒരു തരം തടവറ. ഇനി രണ്ടാഴ്ച കഴിഞ്ഞാൽ മകളുടെ വിവാഹം. ഉമ്മ മരിച്ചത് കൊണ്ട് വിവാഹം പള്ളിയിൽ നിക്കാഹ് മാത്രമായി ചുരുക്കി. അങ്ങനെ വീടിനു മുന്ബിലെ കല്യാണ പന്തൽ വീണ്ടും സ്വപ്നമായി അവശേഷിച്ചു.രണ്ടു മണിക്കൂർ കൊണ്ട് ഞാൻ അയാളുടെ ദുഖത്തിൽ പങ്കു ചേർന്നു. എന്ത് പറഞ്ഞു ആശ്വസിപ്പികണം എന്നറിയില്ലായിരുന്നു. ഫ്ലൈറ്റിൽ നിന്നും തന്ന ഭക്ഷണവും കയിച്ചു വെള്ളം കുടിച്ചു.കുറച്ചു നേരം കഴിഞ്ഞപ്പോൾ ബസർ അമർത്തി ഒരു കുപ്പി വെള്ളം കൂടി ഹമീദ്ക്ക കുടിച്ചു. ഞാൻ ഇത്തിരി നേരം മയങ്ങട്ടെ എന്ന് പറഞ്ഞു കിടക്കുകയും ചെയ്തതോടെ ഞാനും കണ്ണടച്ച് കിടന്നു.

ഉറങ്ങാൻ കഴിന്നതേ  ഇല്ല. ഹമീദ്ക്കയെ കുറിച്ച കൂടുതൽ അറിഞ്ഞപ്പോൾ മനസ്സ് കൊണ്ട് അയാളോട്  ആയത്തിൽ അടുത്തു.വിമാനം ലാന്റ് ചെയ്യാൻ  പോകുന്നത് കൊണ്ട് സീറ്റ് ബെൽറ്റ്‌ ധരിക്കാൻ പറഞ്ഞപ്പോൾ ഹമീദ്ക്ക ഒന്നും അറിഞ്ഞില്ല. ഞാൻ തട്ടി വിളിച്ചപ്പോൾ അനക്കം ഇല്ല.കൈ പിടിച്ചു നോക്കിയപ്പോൾ ഇനി ഒരിക്കലും വിളിക്ക് ഉത്തരം നല്കാൻ കഴിയില്ലായെന്ന് മനസ്സിലായി. രണ്ടു മണിക്കൂർ മുനബ് വരെ തന്നോട് സംസാരിച്ച ആൾ ഈ ലോകത്ത് നിന്ന് യാത്രയായി എന്ന സത്യം എന്നെ വല്ലാതെ അസ്വസ്ഥനാക്കി.ആ കല്യാണ വീട്ടിലേക് ആ ദുഖ വാർത്തയോടൊപ്പം മൃതശരീരം വഹിച്ചു കൊണ്ട് നടന്നു കയറുമ്പോൾ അവരുടെ അവസ്ഥ എന്നെ ദുഖ കടലിൽ ആഴ്ത്തി.    

വീട്ടിലെ കല്യാണ പന്തൽ എന്ന സ്വപ്നവും സ്വന്തം മകളുടെ കല്യാണത്തിൻ പങ്കെടുക്കണമെന്ന മോഹവും ആകാശത്തു വെച്ച് ചിറകൊടിഞ്ഞപ്പോൾ എനിക്ക് ഒരു കാര്യം ബോധ്യമായി ദൈവം പലരെയും പല വിധത്തിൽ പരിക്ഷിക്കുന്നു.നാം എന്തൊക്കെയുണ്ട് എന്ന് പറഞ്ഞു അഹങ്കരികുമ്പോൾ ഓർക്കാതെ പോകുന്നത് തനിക്കു ദൈവം തരാൻ ഉദ്ദേശിച്ചത് തടയാൻ ആർക്കും ആവില്ല അതുപോലെ ദൈവം നല്കാൻ ഉദ്ദേശിക്കാത്തതു മറ്റൊരാളെകൊണ്ടും നല്കാനും പറ്റില്ല എന്ന നഗ്ന സത്യമാണ്.മനുഷ്യന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും അതിരുകൾ ഇല്ലാത്തതാണ് ചിലത് പൂവണിയും മറ്റുചിലത് വിടരുമുന്പേ അടർന്നു വീഴും.    
    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ